
കോട്ടയം : ‘തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി കോട്ടയം ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകുവാൻ തീരുമാനമെടുത്തിരുന്നു. ഇതിൽ സ്വന്തമായി സ്ഥലമുള്ള 4 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുകയുണ്ടായി. സ്വന്തമായി സ്ഥലമില്ലാത്ത 8 കുടുംബങ്ങൾക്കായി കൂട്ടിക്കൽ പഞ്ചായത്തിൽ കൊടുങ്ങയിൽ സ്ഥലം വാങ്ങി ഭവനനിർമ്മാണം പൂർത്തിയായിരിക്കുകയാണ്. പ്രസ്തുത വീടുകളുടെ താക്കോൽദാനം 23ന് രാവിലെ 11 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർവഹിക്കും.

കൊടുങ്ങ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രമൈതാനിയിൽ നടക്കുന്ന ഉദ്ഘാടനസഭയിൽ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത് അധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി സംപൂജ്യ ഗരുഢധ്വജാനന്ദ തീർത്ഥപാദസ്വാമികളുടെ മഹനീയ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകും. കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പർ (പൂഞ്ഞാർ ഡിവിഷൻ) അഡ്വ. ഷോൺ ജോർജ്, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി എന്നിവർ ആശംസകൾ അർപ്പിക്കും.















